Wednesday 24 February 2016

" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 4: പറയിടീൽ :-




         " ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - PART- 4:

                                         പറയിടീൽ :-

                    “യാ ദേവി സർവ ഭുതേഷു
                      വിദ്യാരൂപേണ സംസ്ഥിതാ
                      നമസ്തസ്യൈ നമസ്തസ്യൈ
                      നമസ്തസ്യൈ നമോ നമ:"…

ക്ഷേത്രത്തിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെറിയ തോതിൽ തുടങ്ങിയ ഭഗവതിയുടെ ഭക്തജന ഭവന സന്ദർശനവും പറയിടീലും ഇന്നു വലിയ തോതിലുള്ള ഒരു വരുമാനമാർഗമായി മാറിയിരിക്കുകയാണ്. പതിനയ്യായിരം പറയിലധികം നെല്ല് പ്രതിവർഷം ഇനത്തിൽ വരുമാനമുണ്ട്. ഭഗവതി വീടുകളിൽ എഴുന്നെള്ളുംപോൾ നിറപറ കൊടുക്കുക എന്നത് ഒരു വലിയ വഴിപാടായിട്ടാണ് ഭക്തജനങ്ങൾ കരുതുന്നത്. ചില ഭവനങ്ങളിൽ അൻപൊലിയും ഇറക്കിപൂജയും നടത്താറുണ്ട്. ഇതോടൊക്കെ ബന്ധപ്പെടുത്തി നെല്ല്, അരി, അവൽ, മലർ, പഴം തുടങ്ങിയവയുടെ നിറപറയും അർപിക്കപ്പെടുന്നു.

തണ്ടിൽ "ജീവിത"യിലാണ് ഭഗവതിയെ എഴുന്നെള്ളിക്കുന്നത്. അതിനകമ്പടി സേവിക്കുന്നവർക്കും മറ്റും, പറയിടീൽ നടക്കുന്ന ചില ഭവനങ്ങളിൽ ഭക്ഷണവും കൊടുക്കാറുണ്ട്. അകമ്പടിക്കാരിൽ മേളക്കാർ, വിളക്ക്, മെഴുവട്ടം, പീഠം, തുടങ്ങിയവ എടുക്കുന്നവർക്കും "ജീവിത"യെടുക്കുന്ന ബ്രാഹ്മണൻമാർക്കും മറ്റും, പറ കൊടുക്കുന്ന ഗൃഹനാഥൻ ദക്ഷിണ കൊടുക്കുന്ന പതിവും പണ്ട് മുതലേ ഉള്ളതാണ്. മകരഭരണിക്കു ശേഷം ഭഗവതി പറയ്ക്കെഴുന്നെള്ളിത്തുടങ്ങുംപോൾ മുതൽ മീനഭരണിയുടെ അശ്വതിനാൾവരെ നാട്ടുകാർ ഉത്സവലഹരിയിലാണ്. ജാതി-മത ചിന്തകൾക്കതീതമായി ജനങ്ങൾ പറകൊടുക്കുവാൻ സന്നദ്ധരാകുന്ന കാഴ്ച മറ്റെവിടെയെങ്കിലും കാണാൻ കഴിയുമോ എന്ന് തോന്നുന്നില്ല.

ഭഗവതി പ്രദേശത്തിന്റെതാണ്. നാടിന്റെയും നാട്ടാരുടേയും അമ്മയാണ്. അമ്മക്ക് മക്കൾ തുല്യരാണ്. മക്കൾ ഏത് മതക്കാരായാലും അവരുടെയെല്ലാം ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നിലകൊള്ളുന്ന അമ്മ എഴുന്നെള്ളുംപോൾ, എല്ലാവരും കുമ്പിട്ടു രണ്ടു കൈയ്യുമെടുത്ത് അനുഗ്രഹം തേടുന്ന കാഴ്ച അനുഭൂതിദായകമാണ്. "അമ്മ എഴുന്നെള്ളുന്നു" എന്ന ഇന്നാട്ടുകാരുടെ വരവേൽപറിയിപ്പിൽ അവരുടെ ശകതമായ ഭക്തിയുടെ പ്രതിഭലനം കാണാൻ കഴിയും.

പറയ്ക്ക് പോകുന്നതിനുള്ള ദിവസങ്ങൾ ക്രമപ്പെടുത്തി നിശ്ചയിചിരിക്കുന്നതിനാൽ കൂടുതൽ ദിവസങ്ങൾ ഉപയോഗിക്കാൻ നിവൃത്തിയില്ല. കൂടുതൽ ആളുകൾ പറകൊടുപ്പാൻ സന്നദ്ധരാകുന്നുണ്ടെങ്കിലും സമയ പരിധി അതിന് അനുവദിക്കുന്നില്ല. അതേ കാരണത്താൽ, പണ്ടൊക്കെ ചില സ്ഥലങ്ങളിൽ നിന്നും എടുത്തിരുന്ന പറകൾ തുടർന്നും സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇപ്പോൾ അവർക്കൊക്കെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ഭഗവതിയുടെ തിരുമുൻപിൽ പറ (നടപ്പറ) കൊടുക്കാൻ സൗകര്യപ്പെടുത്തിക്കൊണ്ട് ദേവസ്വത്തിൽ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. ഇത്തരം അസംഖ്യം പറകൾ ക്ഷേത്രത്തിൽ വഴിപാടായി വന്നുകൊണ്ടിരിക്കുന്നു. അഹിന്ദുക്കളും ഇന്ന് പറ കൊടുക്കാൻ ഉത്സുകരാണ്.......


                                                                    (contd to Part-5)

                          

                        email: chettikulangarabhairavi@gmail.com


email: chettikulangarabhairavi@gmail.com

                                    


No comments:

Post a Comment